എറണാകുളം: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി പ്രമുഖ നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും അപവാദപ്രചാരണങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജു വാര്യർ ഹർജി ഫയൽ ചെയ്തത്.
കേസ് പരിഗണിച്ച കോടതി, മഞ്ജു വാര്യർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് സനൽകുമാർ ശശിധരനെയും ഷാജൻ സ്കറിയയെയും വിലക്കി ഉത്തരവിട്ടു.
ഈ കേസിൽ സനൽ കുമാർ ശശിധരനെ ഒന്നാം പ്രതിയാക്കിയും, സാജൻ സ്കറിയയെ രണ്ടാം പ്രതിയാക്കിയും, മെറ്റയെ മൂന്നാം പ്രതിയാക്കിയുമാണ് ഹർജി ഫയൽ ചെയ്തിട്ടുള്ളത്; കൂടാതെ മറ്റ് ചില ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും പരാതിയുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരായി സനൽ കുമാർ ശശിധരൻ പങ്കുവെച്ച എല്ലാ അപകീർത്തികരമായ കുറിപ്പുകളും പോസ്റ്റുകളും അടിയന്തരമായി പിൻവലിക്കണമെന്ന് മഞ്ജു വാര്യർ ഹർജിയിലൂടെ ആവശ്യപ്പെടുന്നു.
ഇതിന്റെ ഭാഗമായി നിലവിലുള്ള പോസ്റ്റുകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് മൂന്നാം പ്രതിയായ മെറ്റയ്ക്ക് കോടതി നോട്ടീസ് അയക്കുകയും, വരുന്ന മുപ്പതാം തീയതി നേരിട്ടെത്തി വിശദീകരണം നൽകാൻ സനൽകുമാർ ശശിധരനോടും ഷാജൻ സ്കറിയയോടും നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
മഞ്ജു വാര്യർ അഭിഭാഷക ശാന്തി മായാദേവി മുഖേനയാണ് ഹർജി നൽകിയത്. മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്നും അന്വേഷണം വേണമെന്നും ആരോപിച്ചാണ് സനൽകുമാർ നിലവിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്നത്. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തെരുവിൽ വെച്ചാണ് അദ്ദേഹം പ്രതിഷേധിക്കുന്നത്.

