തിരുവനന്തപുരം: ഹൈസ്കൂൾ ക്ലാസുകളിലെ എഴുത്തുപരീക്ഷയ്ക്ക് മിനിമം മാർക്ക് നിർബന്ധമാക്കിക്കൊണ്ടുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു. ഇതോടെ വരാനിരിക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ മുൻ വർഷങ്ങളിലെപ്പോലെ പഴയ രീതിയിലുള്ള മാർക്കിടൽ തുടരാനാണ് സാധ്യത.
വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എൽ.ഡി.എഫ്. സർക്കാർ കൊണ്ടുവന്ന നിർണായക പരിഷ്കാരമാണ് ഇപ്പോൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. പരീക്ഷാ പരിഷ്കാരം പെട്ടെന്ന് നടപ്പാക്കുന്നത് വിജയിക്കുന്നവരുടെ എണ്ണത്തിൽ വൻ ഇടിവുണ്ടാക്കുമെന്നും, ഇത് ഹയർ സെക്കൻഡറി പ്രവേശനത്തെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള ആശങ്കയെത്തുടർന്നാണ് നടപടിയെന്നാണ് വിവരം. കൂടുതൽ മുൻകരുതലുകളും സജ്ജീകരണങ്ങളും പൂർത്തിയാക്കിയ ശേഷം മാത്രം പദ്ധതി നടപ്പാക്കിയാൽ മതിയെന്നാണ് നിലവിലെ തീരുമാനം.
നിലവിലുള്ള രീതി അനുസരിച്ച് 20 ശതമാനം ഇന്റേണൽ മാർക്ക് ലഭിക്കുന്നതിനാൽ, എഴുത്തുപരീക്ഷയിൽ കേവലം 10 ശതമാനം മാർക്ക് നേടിയാലും വിദ്യാർഥികൾക്ക് വിജയിക്കാൻ സാധിക്കുമായിരുന്നു. ഇത് പരീക്ഷകളിൽ ജയിക്കുന്നവരുടെ എണ്ണത്തിലും ‘എ പ്ലസ്’ നേടുന്നവരുടെ എണ്ണത്തിലും വലിയ വർധനയുണ്ടാക്കി. ഇതിന് പരിഹാരമായിട്ടാണ് ഹൈസ്കൂൾ തലത്തിൽ എഴുത്തുപരീക്ഷയ്ക്ക് കുറഞ്ഞത് 30 ശതമാനം മാർക്ക് നിർബന്ധമാക്കാൻ തീരുമാനിച്ചിരുന്നത്. കൂടാതെ ഇന്റേണൽ മാർക്കുകൾ കുട്ടികളുടെ പഠനശേഷി വിലയിരുത്തി മാത്രം നൽകിയാൽ മതിയെന്നും നിർദേശമുണ്ടായിരുന്നു.
2024-25 അധ്യയന വർഷത്തിൽ എട്ടാം ക്ലാസിലും 2025-26 വർഷത്തിൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് നിബന്ധന വിജയകരമായി ഏർപ്പെടുത്തിയിരുന്നു. തുടർന്ന് ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിലും ഇത് ബാധകമാക്കാൻ ഇരിക്കെയാണ് സർക്കാരിന്റെ പിന്മാറ്റം.

