കോന്നി മെഡിക്കൽ കോളേജിൽ എക്സ്റേ മാറി നൽകിയ സംഭവം; താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ

20 September 2026
കോന്നി മെഡിക്കൽ കോളേജിൽ എക്സ്റേ മാറി നൽകിയ സംഭവം; താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയ 16-കാരിക്ക് എക്സ്റേ മാറി നൽകിയ സംഭവത്തിൽ താൽക്കാലിക ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. റേഡിയോളജി വിഭാഗത്തിലെ ജീവനക്കാരനെതിരെയാണ് നടപടി. മെഡിക്കൽ കോളേജ് സൂപ്രണ്ട് നടത്തിയ അന്വേഷണത്തിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ. മാറി നൽകിയ എക്സ്റേ പരിശോധിച്ച് തെറ്റായ ചികിത്സ നൽകിയ പൾമനോളജി വിഭാഗം ഡോക്ടർക്ക് താക്കീതും നൽകിയിട്ടുണ്ട്.

ശ്വാസതടസ്സത്തെത്തുടർന്ന് ചികിത്സയ്ക്കെത്തിയ പെൺകുട്ടി ഡോക്ടറുടെ നിർദേശപ്രകാരമാണ് എക്സ്റേ എടുത്തത്. എന്നാൽ റേഡിയോളജി വകുപ്പിൽ നിന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള 88-കാരിയുടെ എക്സ്റേയാണ് മാറി നൽകിയത്. ഈ എക്സ്റേ പരിശോധിച്ച ഡോക്ടർ പെൺകുട്ടിയുടെ നട്ടെല്ലിന് വളവുണ്ടെന്ന് വിധി എഴുതുകയും മരുന്നുകൾ കുറിച്ചു നൽകുകയുമായിരുന്നു.

തുടർചികിത്സയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് ഗുരുതരമായ വീഴ്ച പുറത്തറിഞ്ഞത്. ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ എക്സ്റേ പരിശോധിച്ചപ്പോൾ അതിൽ രേഖപ്പെടുത്തിയിരുന്ന പ്രായവും രോഗിയുടെ അവസ്ഥയും തമ്മിലുള്ള പൊരുത്തക്കേട് കണ്ടെത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയും മാതാപിതാക്കളും കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകി. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെടുക്കാൻ വകുപ്പ് മന്ത്രി നിർദേശം നൽകിയിരുന്നു.