കൊച്ചി: വീടിനുള്ളിൽ അനധികൃതമായി വ്യാജമദ്യം സൂക്ഷിച്ച കേസിൽ റിമാൻഡിലായിരുന്ന ആന്റോ അഗസ്റ്റിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഉത്തരവിട്ടത്.
നിലവിൽ മാനന്തവാടി ജയിലിൽ കഴിയുന്ന ഇദ്ദേഹത്തിന്, കോടതി ഉത്തരവിന്റെ പകർപ്പ് ലഭ്യമാകുന്നതോടെ നടപടികൾ പൂർത്തിയാക്കി ഇന്ന് തന്നെ പുറത്തിറങ്ങാം.
വായ്പ കുടിശ്ശികയെ തുടർന്ന് ‘സർഫാസി’ നിയമപ്രകാരം ബാങ്ക് പിടിച്ചെടുത്ത് ലേലം ചെയ്ത വീടാണിതെന്നും, തനിക്ക് ഇപ്പോൾ അതിൽ ഉടമസ്ഥാവകാശമില്ലാത്തതിനാൽ മദ്യം കണ്ടെത്തിയതിൽ പങ്കില്ലെന്നുമാണ് ആന്റോ കോടതിയെ അറിയിച്ചത്.
എന്നാൽ രേഖകൾ പ്രകാരം കെട്ടിടത്തിന്റെ കൈവശാവകാശം ഇപ്പോഴും ആന്റോയുടെ പേരിലാണെന്നും, വൈദ്യുതി-കുടിവെള്ള ബില്ലുകൾ വരുന്നത് ഇദ്ദേഹത്തിന്റെ വിലാസത്തിലാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തെയും കൈവശാവകാശത്തെയും കുറിച്ച് തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി, കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ കൂടുതൽ നാൾ ജയിലിൽ തുടരേണ്ടതില്ലെന്ന് വിലയിരുത്തി.
തുടർന്നാണ്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന ഉപാധിയോടെ ജാമ്യം അനുവദിച്ചത്.

