കൊട്ടിയൂർ: അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ അതിക്രമിച്ചുകയറി ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കേളകം പൊലീസിൽ പരാതി. തിരുവനന്തപുരം സ്വദേശി മുരളി പ്ലാവിളയ്ക്കെതിരെ കൊട്ടിയൂർ ദേവസ്വമാണ് പരാതി നൽകിയത്.
വർഷത്തിലൊരിക്കൽ നടക്കുന്ന പ്രശസ്തമായ വൈശാഖ മഹോത്സവ കാലത്ത് മാത്രമാണ് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങൾക്ക് പ്രവേശനമുള്ളൂ. ഉത്സവം സമാപിക്കുന്നതോടെ അക്കരെ ക്ഷേത്രത്തിലേക്കുള്ള പാത ഇരുമ്പ് ഗേറ്റ് ഉപയോഗിച്ച് അടയ്ക്കുകയാണ് പതിവ്. എന്നാൽ, ഈ നിയന്ത്രണങ്ങൾ മറികടന്നാണ് തിരുവനന്തപുരം സ്വദേശി ക്ഷേത്ര പരിസരത്ത് എത്തിയത്.
അനധികൃതമായി ക്ഷേത്ര പരിസരത്ത് പ്രവേശിച്ച മുരളി, ഫോണിൽ ചിത്രങ്ങൾ എടുക്കുകയും ഇവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. അതിക്രമിച്ചുകയറി ആചാരലംഘനം നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് ദേവസ്വം അധികൃതർ പൊലീസിനെ സമീപിച്ചത്.

