കണ്ണൂർ: കണ്ണൂർ താവക്കരയിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്ന വിദ്യാർത്ഥികളുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
വടകര റൂട്ടിലോടുന്ന ‘ഐവാൻ’ എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥികളായ ആവണി, സ്നേഹ എന്നിവർക്കാണ് പരിക്കേറ്റത്. വളരെ വേഗത്തിൽ വളവ് തിരിഞ്ഞുവന്ന ബസ് വിദ്യാർത്ഥികളെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിൽ ബസ് ഡ്രൈവർ ആദർശിനെയും കണ്ടക്ടറെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. അപകടമുണ്ടാക്കിയ ബസും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

