പത്തനംതിട്ട: പെരുനാട്ടിൽ വാഹന പരിശോധനയ്ക്കിടെ സബ് ഇൻസ്പെക്ടറെ മർദ്ദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയിലായി. കട്ടച്ചിറ സ്വദേശി നിതിൻ രാജ് (27) ആണ് അറസ്റ്റിലായത്. പെരുനാട് എസ്എച്ച്ഒ മിഥുൻ അശോകിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. മദ്യപിച്ച് സ്കൂട്ടറിലെത്തിയ നിതിൻ രാജിനെ പൊലീസ് സംഘം തടഞ്ഞു നിർത്തി പരിശോധിക്കുന്നതിനിടെ ഇയാൾ പ്രകോപിതനാവുകയും എസ്ഐയുടെ മൂക്കിനിടിക്കുകയുമായിരുന്നു. തുടർന്ന് യൂണിഫോം വലിച്ചുകീറുകയും ചെയ്തു.
എസ്ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പെരുനാട് സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

