കോഴിക്കോട് – കുറ്റ്യാടി സംസ്ഥാന പാതയിലെ വെള്ളിയൂർ ജംഗ്ഷനിൽ സ്കൂൾ വിദ്യാർഥികൾ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി. വെള്ളിയൂർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഇൻസ്റ്റഗ്രാം റീൽസ് എടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ചേരിതിരിഞ്ഞ് തല്ലുകൂടിയത്.
ഇന്നലെ നടന്ന സംഭവത്തിൽ നാട്ടുകാർക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണുണ്ടായത്. പരിക്കേറ്റ് ആരും ചികിത്സ തേടുകയോ പൊലീസിനെ സമീപിക്കുകയോ ചെയ്തിട്ടില്ല. നേരത്തെയും ഈ ഭാഗത്ത് വിദ്യാർഥികൾ തമ്മിൽ അടിപിടിയുണ്ടാവുകയും പൊലീസ് നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

