മട്ടന്നൂർ: മട്ടന്നൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടർമാരെ എക്സൈസ് പിടികൂടി. മലപ്പുറം പുതുപൊന്നാനി സ്വദേശി ഡോ. ഇർഷാദ്, തലശ്ശേരി വടക്കുമ്പാട് കൂളി ബസാർ സ്വദേശി ഡോ. സിദ്ധാർത്ഥ് എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവരിൽ ഒരാൾ ബെംഗളൂരുവിലെ പിജി മെഡിക്കൽ വിദ്യാർഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടറുമാണ്.
മട്ടന്നൂരിലെ സ്കൈ പാലസ് ബാറിലെ മുറിയിൽ നിന്നും, പ്രതികൾ സഞ്ചരിച്ച ആഡംബര വാഹനമായ മഹീന്ദ്ര ഥാറിൽ നിന്നുമായി 2.809 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്താനും സൂക്ഷിക്കാനും ഉപയോഗിച്ച ഥാർ വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എക്സൈസ് കമ്മീഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഡോക്ടർമാർ വലയിലായത്. ചോദ്യം ചെയ്യലിൽ, എംഡിഎംഎ ബെംഗളൂരുവിൽ നിന്നാണ് വാങ്ങി എത്തിച്ചതെന്ന് പ്രതികൾ മൊഴി നൽകി.
പ്രതികളെ മട്ടന്നൂർ കോടതി മുമ്പാകെ ഹാജരാക്കിയ ശേഷം തുടർ നടപടികൾ വടകര നാർക്കോട്ടിക് സ്പെഷ്യൽ കോടതിയിൽ നടക്കും.

