ആറളത്തെ ‘കെഎം-1’ മോഴയാനയെ മയക്കുവെടി വെച്ചു പിടികൂടി

2 October 2026
ആറളത്തെ ‘കെഎം-1’ മോഴയാനയെ മയക്കുവെടി വെച്ചു പിടികൂടി

ആറളം: ആറളം ഫാമിലെയും പുനരധിവാസ മേഖലയിലെയും ജനങ്ങളെ വർഷങ്ങളായി ഭീതിയുടെ മുൾമുനയിൽ നിർത്തിയ കെഎം-1 എന്ന മോഴയാനയെ ദൗത്യസംഘം മയക്കുവെടി വെച്ചു പിടികൂടി. ദിവസങ്ങൾ നീണ്ട ശ്രമകരമായ പ്രവർത്തനങ്ങൾക്കൊടുവിലാണ് കാട്ടാനയെ തളയ്ക്കാനായത്. ജനവാസ മേഖലയ്ക്ക് ഭീഷണിയായ ആനയെ പിടികൂടിയതോടെ പ്രദേശവാസികളും ജില്ലാ ഭരണകൂടം ഉൾപ്പെടെയുള്ള ഔദ്യോഗിക സംവിധാനങ്ങളും വലിയ ആശ്വാസത്തിലാണ്.

ചൊവ്വാഴ്ച തന്നെ ആനയെ പുനരധിവാസ മേഖലയിൽ കണ്ടെത്തിയിരുന്നുവെങ്കിലും മയക്കുവെടി വെക്കാൻ അനുയോജ്യമായ സ്ഥലത്തല്ലാത്തതിനാൽ ദൗത്യം നീണ്ടുപോവുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് നൂറിലേറെ പേർ അടങ്ങുന്ന ദൗത്യസംഘം മോഴയ്ക്ക് ആദ്യ മയക്കുവെടി നൽകിയത്. ആദ്യ ശ്രമം പരാജയപ്പെട്ടതോടെ രണ്ടു തവണ കൂടി ആനയ്ക്ക് മയക്കുവെടി വെയ്ക്കേണ്ടി വന്നു.

ഉച്ചയ്ക്ക് മൂന്ന് മണിയോടെ പൂർണ്ണമായും മയങ്ങിയ ആനയെ കുങ്കിയാനകളുടെ സഹായത്തോടെ താങ്ങിനിർത്തുകയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. കുങ്കിയാനകളുടെ സഹായത്തോടെ തുടർനടപടികൾക്കായി വയനാട് മുത്തങ്ങ ആന ക്യാമ്പിലേക്ക് മാറ്റി.