തിരുവനന്തപുരം: കൗൺസിലർ സ്ഥാനം രാജിവെക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് മുൻ ഡിജിപി ആർ. ശ്രീലേഖ പിന്മാറി. ശാസ്തമംഗലം വാർഡിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ച രാജി സന്ദേശം അവർ പിൻവലിച്ചതോടെ,
തലസ്ഥാന ഭരണത്തിൽ ബിജെപി നേരിട്ട വലിയ പ്രതിസന്ധിക്കാണ് പരിഹാരമായത്. ബിജെപി സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുടെ ശക്തമായ അനുനയ നീക്കങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ.
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ള മുതിർന്ന നേതാക്കൾ ശ്രീലേഖയുമായി സംസാരിക്കുകയും പരാതികൾ പരിഹരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് വാട്സ്ആപ്പ് ഗ്രൂപ്പിലെ രാജി സന്ദേശം ശ്രീലേഖ ഡിലീറ്റ് ചെയ്തത്.
എന്നാൽ, നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് അവർ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
പാർട്ടിയോടുള്ള അതൃപ്തി കൊണ്ടല്ല, മറിച്ച് ശാരീരിക ബുദ്ധിമുട്ടുകൾ കാരണമാണ് ശ്രീലേഖ രാജിക്കാര്യം പരാമർശിച്ചതെന്നാണ് ബിജെപി നേതാക്കളുടെ വിശദീകരണം. രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീലേഖയെ ജനറൽ സെക്രട്ടറി എസ്. സുരേഷ് ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.
ആരോഗ്യപ്രശ്നങ്ങൾ കാരണം ജനപ്രതിനിധിയുടെ ചുമതല നിർവഹിക്കാൻ കഴിയുമോ എന്ന ഉത്കണ്ഠയാണ് അവർ പ്രകടിപ്പിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കുന്നു. ചികിത്സയ്ക്ക് ശേഷം ഉച്ചയോടെ അവർ ആശുപത്രി വിട്ടു.

