കൊടുങ്ങല്ലൂരിൽ 18കാരൻ ജീവനൊടുക്കിയ സംഭവം: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

14 October 2026
കൊടുങ്ങല്ലൂരിൽ 18കാരൻ ജീവനൊടുക്കിയ സംഭവം: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ 18കാരനായ മുഹമ്മദ് അസ്ലമിന്റെ ആത്മഹത്യയിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. വ്യാജ കേസ് എടുത്തതിലും പൊലീസിന്റെ ക്രൂരമായ മർദ്ദനത്തിലും മനംനൊന്താണ് മകൻ ജീവനൊടുക്കിയതെന്നും സംഭവത്തിന് പൂർണ്ണ ഉത്തരവാദി പൊലീസ് ആണെന്നും അസ്ലമിന്റെ പിതാവ് നൗഷാദ് ആരോപിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

അസ്ലമുമായുള്ള ബന്ധത്തെ എതിർത്ത പെൺകുട്ടിയുടെ കുടുംബം പൊലീസിനെ സ്വാധീനിച്ച് മക്കളെ കസ്റ്റഡിയിലെടുപ്പിക്കുകയായിരുന്നുവെന്ന് നൗഷാദ് വ്യക്തമാക്കുന്നു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും കൈക്കലാക്കിയെന്ന കള്ളക്കേസിൽ അസ്ലമിനെയും സഹോദരനെയും കുടുക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽവെച്ച് ഇളയ മകനെ മൃഗീയമായി മർദ്ദിക്കുന്നത് കണ്ട് ഭയന്ന മൂത്ത സഹോദരൻ സഹൽ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് ഇരുവരെയും പ്രതിചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും മൂന്ന് ദിവസം അന്യായമായി കസ്റ്റഡിയിൽ വെച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. കേസിൽ തെളിവായി ചൂണ്ടിക്കാണിച്ച ഇന്നോവ കാർ അസ്ലമിന്റെ സുഹൃത്തിന്റെ സഹോദരി വാങ്ങിയതാണെന്നും അവർ തന്നെയാണ് ഇപ്പോഴും ആർസി ഓണറെന്നും കുടുംബം പറയുന്നു.

തുടർന്ന് സെപ്റ്റംബർ 29ന് അസ്ലമിനെ ജൂവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുകയും ഒക്ടോബർ നാലിന് ജാമ്യം ലഭിക്കുകയും ചെയ്തു. ജാമ്യത്തിൽത്തിറങ്ങി ദിവസങ്ങൾക്കകം, ഒക്ടോബർ ആറിന് വീടിന്റെ ടെറസിൽ ട്രസ്സ് വർക്ക് ചെയ്ത കമ്പിയിൽ തൂങ്ങിമരിച്ച നിലയിലാണ് അസ്ലമിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ മകന്റെ ആത്മഹത്യയിൽ പൊലീസ് ഇതുവരെ മൊഴിയെടുക്കാൻ പോലും തയ്യാറായിട്ടില്ലെന്നും മൂത്തമകൻ സഹൽ ഇപ്പോഴും റിമാൻഡിലാണെന്നും പിതാവ് നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു.