തിരുവനന്തപുരം: കേരളത്തിൽ തുലാവർഷത്തിന് തുടക്കമാകുന്നു. നാളെ (വെള്ളിയാഴ്ച) സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
അപകടസാധ്യത മുൻനിർത്തി പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കാസർകോട്, കണ്ണൂർ ഒഴികെയുള്ള മറ്റ് എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും ബാധകമാണ്. മറ്റന്നാളോടെ വടക്കൻ കേരളത്തിലും മഴ ശക്തമാകുമെന്നാണ് പ്രവചനം.
പെട്ടെന്ന് ഉണ്ടാകുന്ന ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

