ഭണ്ഡാരം കുത്തിത്തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടു; ക്ഷേത്രത്തിൽ നിന്ന് മൂന്ന് ചാക്ക് തേങ്ങയുമായി കടന്നുകളഞ്ഞ പതിനാലുകാരൻ പിടിയിൽ

17 October 2026
ഭണ്ഡാരം കുത്തിത്തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടു; ക്ഷേത്രത്തിൽ നിന്ന് മൂന്ന് ചാക്ക് തേങ്ങയുമായി കടന്നുകളഞ്ഞ പതിനാലുകാരൻ പിടിയിൽ

കൂത്തുപറമ്പ്: കൂത്തുപറമ്പ് തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മൂന്ന് ചാക്ക് തേങ്ങയുമായി കടന്നുകളഞ്ഞ പതിനാലുകാരനെ പോലീസ് കണ്ടെത്തി.

പുലർച്ചെ ഒന്നരയോടെ ക്ഷേത്രത്തിലെത്തിയ കുട്ടി ആദ്യം ഭണ്ഡാരത്തിന് അടുത്തെത്തി പൂട്ട് തുറക്കാൻ പലതവണ ശ്രമം നടത്തിയെങ്കിലും നടന്നിരുന്നില്ല. ഭണ്ഡാരം തുറക്കാൻ സാധിക്കാതെ വന്നതോടെ അവിടെനിന്ന് മാറിയ കുട്ടി, ചടങ്ങുകൾക്കായി ക്ഷേത്രവളപ്പിൽ സൂക്ഷിച്ചിരുന്ന മൂന്ന് ചാക്ക് തേങ്ങയെടുത്ത് കടന്നുകളയുകയായിരുന്നു. ആ വഴി വന്ന ഓട്ടോറിക്ഷയിലാണ് തേങ്ങ കയറ്റി കൊണ്ടുപോയത്.

സംഭവത്തിന് ശേഷം ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കൂത്തുപറമ്പ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയത് സമീപ പ്രദേശത്തുനിന്ന് രണ്ടു ദിവസം മുൻപ് വീടുവിട്ടിറങ്ങിയ പതിനാലുകാരനാണെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ പോലീസ് കണ്ടെത്തുകയായിരുന്നു. വീടുവിട്ടിറങ്ങിയ സമയം സമീപത്തുനിന്ന് ഒരു സൈക്കിളും ഫോണും കുട്ടി മോഷ്ടിച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.