കോവളത്ത് 16കാരിയെ സ്പായിൽ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘം;സ്പായിൽ വന്നിട്ടുള്ളവരുടെ പൂർണ്ണ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നു, അന്തർ സംസ്ഥാന റാക്കറ്റിനായി തിരച്ചിൽ ഊർജ്ജിതം

19 October 2026
കോവളത്ത് 16കാരിയെ സ്പായിൽ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘം;സ്പായിൽ വന്നിട്ടുള്ളവരുടെ പൂർണ്ണ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നു,  അന്തർ സംസ്ഥാന റാക്കറ്റിനായി തിരച്ചിൽ ഊർജ്ജിതം

തിരുവനന്തപുരം: കോവളത്തെ സ്പായിൽ ആന്ധ്രാപ്രദേശ് സ്വദേശിയായ 16 വയസ്സുള്ള പെൺകുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു. സൈബർ വിദഗ്ധരടക്കം അടങ്ങുന്നതാണ് ഹൈ-പ്രൊഫൈൽ അന്വേഷണ സംഘം. സ്പായിൽ വന്നിട്ടുള്ളവരുടെ പൂർണ്ണ വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. കേസിൽ പ്രതികളുടെ പട്ടിക ഇനിയും നീളുമെന്നാണ് സൂചന. പെൺകുട്ടിയെ ഉപദ്രവിച്ചവരുടെ തിരിച്ചറിയൽ പരേഡും വരുംദിവസങ്ങളിൽ നടത്തും. ചെന്നൈയിലും കുട്ടി സമാനമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

അച്ഛനും അമ്മയും നഷ്ടപ്പെട്ട പെൺകുട്ടി, അമ്മയുടെ സഹോദരിയുടെ (ഇളയമ്മ) സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് ബന്ധുക്കൾ കുട്ടിയെ കോവളത്ത് എത്തിച്ചത്. തുടർന്ന് വിവിധ സ്പായിൽ നിർത്തി കുട്ടിയെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. സ്പാ കേന്ദ്ര കേന്ദ്രീകരിച്ചുള്ള ഈ കുറ്റകൃത്യത്തിന് പിന്നിൽ വലിയൊരു അന്തർ സംസ്ഥാന റാക്കറ്റ് പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സ്പായിലെ പീഡനം സഹിക്കവയ്യാതെ വന്നതോടെ പെൺകുട്ടി അവിടെയുണ്ടായിരുന്ന മലയാളി ജീവനക്കാരനായ ഒരു യുവാവിനൊപ്പം രക്ഷപ്പെടുകയായിരുന്നു. എന്നാൽ, കുട്ടിയെ പണം വാങ്ങി കൈമാറിയ ഇളയമ്മ തന്നെയാണ് പിന്നീട് കുട്ടി കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലും തുടർന്നുണ്ടായ കൗൺസിലിംഗിലുമാണ് ഞെട്ടിക്കുന്ന പീഡനവിവരങ്ങൾ പുറത്തുവന്നത്.

പെൺകുട്ടി പൊലീസിനോട് പീഡനവിവരം തുറന്നുപറഞ്ഞതോടെ ഇളയമ്മയും ഭർത്താവും ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആന്ധ്രാപ്രദേശിൽ വെച്ച് പിടിയിലായ ഇവരെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.