ആറ്റുകാൽ പൊങ്കാലയിലെ സ്റ്റീൽ അടുപ്പ് നിർദ്ദേശം: അന്തിമ തീരുമാനം ക്ഷേത്ര ട്രസ്റ്റിന്റേതെന്ന് മേയർ

26 November 2026
ആറ്റുകാൽ പൊങ്കാലയിലെ സ്റ്റീൽ അടുപ്പ് നിർദ്ദേശം: അന്തിമ തീരുമാനം ക്ഷേത്ര ട്രസ്റ്റിന്റേതെന്ന് മേയർ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഇഷ്ടിക അടുപ്പുകൾക്ക് പകരം സ്റ്റീൽ അടുപ്പുകൾ ഉപയോഗിക്കുന്നതു സംബന്ധിച്ച് അവസാന തീരുമാനം ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിന്റേതായിരിക്കുമെന്ന് തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ് വ്യക്തമാക്കി. ഇഷ്ടിക അടുപ്പുകൾക്ക് പകരം വെൽഡ് ചെയ്ത് രൂപപ്പെടുത്തിയ സ്റ്റീൽ അടുപ്പുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ആശയം മുന്നോട്ടുവയ്ക്കുക മാത്രമാണ് കഴിഞ്ഞ ദിവസം ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.

ഇക്കാര്യങ്ങൾ അനാവശ്യമായി വിവാദമാക്കേണ്ടതില്ലെന്നും ക്ഷേത്ര ട്രസ്റ്റും ഭക്തജനങ്ങളുമാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതെന്നും മേയർ പറഞ്ഞു. പൊങ്കാലയ്ക്ക് ഏത് അടുപ്പ് ഉപയോഗിക്കണം, എങ്ങനെയെല്ലാം ആചാരങ്ങൾ പാലിച്ച് പൊങ്കാല നടത്തണം എന്നതൊക്കെ അതുമായി ബന്ധപ്പെട്ട ക്ഷേത്ര ഭാരവാഹികളാണ് തീരുമാനമെടുക്കുന്നത്. ആചാരാനുഷ്ഠാനങ്ങളിലോ അത്തരം തീരുമാനങ്ങളിലോ കൈകടത്താൻ കോർപറേഷൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൊങ്കാലയ്ക്കായി എത്തുന്ന ഭക്തർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് കോർപറേഷന്റെ ചുമതല. ആ ചുമതല കൃത്യമായി നിർവഹിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ഭക്തർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ സുഗമമായി പൊങ്കാല നടത്താനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും വി.വി. രാജേഷ് കൂട്ടിച്ചേർത്തു.