ഭോപ്പാൽ: കാട്ടിലൂടെയുള്ള സഫാരി യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി ഒരു പുള്ളിപ്പുലി മുന്നിൽ ചാടിയാൽ ആരും ഒന്നു ഭയക്കും. എന്നാൽ, പേടിപ്പിക്കുന്നതിന് പകരം വഴിമടുക്കി നടുറോഡിൽ സുഖമായി കിടന്നുറങ്ങിയ ഒരു പുള്ളിപ്പുലിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മധ്യപ്രദേശിലെ പ്രശസ്തമായ കുനോ ദേശീയോദ്യാനത്തിലാണ് വിനോദസഞ്ചാരികളെ അത്ഭുതപ്പെടുത്തിയ ഈ സംഭവം നടന്നത്.
സഫാരി റോഡിന് നടുവിലായിരുന്നു പുള്ളിപ്പുലിയുടെ ഈ അപ്രതീക്ഷിത വിശ്രമം. പുലി വഴിമാറാതെ കിടന്നതോടെ സഞ്ചാരികളുടെ യാത്ര ഏതാണ്ട് ഒരു മണിക്കൂറോളമാണ് തടസ്സപ്പെട്ടത്. വനമേഖലയിൽ നിന്ന് പതുക്കെ റോഡിലേക്ക് ഇറങ്ങിവന്ന പുലി, ആദ്യം അവിടെ കുറച്ചുനേരം അലക്ഷ്യമായി നിന്നു. ഈ സമയത്താണ് സഞ്ചാരികളുടെ വാഹനങ്ങൾ ഈ വഴി വന്നത്.
റോഡിൽ പുലിയെ കണ്ടയുടൻ ഗൈഡുമാരും ഡ്രൈവർമാരും വാഹനങ്ങൾ സുരക്ഷിതമായ അകലത്തിൽ നിർത്തിയിട്ടു. എന്നാൽ തനിക്ക് ചുറ്റും വലിയൊരു വാഹനവ്യൂഹവും ആളുകളും ഉണ്ടെന്ന കാര്യം ഒട്ടും വകവെക്കാതെ, ആ പ്രദേശം മുഴുവൻ തന്റേതാണെന്ന മട്ടിൽ പുലി ആദ്യം റോഡിൽ ഇരിക്കുകയും, പിന്നീട് അവിടെത്തന്നെ നീണ്ടുനിവർന്ന് കിടന്നുറങ്ങുകയുമായിരുന്നു.
യാത്ര തടസ്സപ്പെട്ടെങ്കിലും ജീവിതത്തിലെ ഏറ്റവും അപൂർവ്വമായ ഈ കാഴ്ച നേരിട്ട് കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സഞ്ചാരികൾ. സുരക്ഷിതമായ അകലത്തിലിരുന്ന് പുലിയുടെ ഉറക്കത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്താനും അവർ മറന്നില്ല. തങ്ങളെ തൊട്ടു മുന്നിൽ കണ്ടിട്ടും യാതൊരു ഭയവുമില്ലാതെ ശാന്തനായി ഉറങ്ങുന്ന പുള്ളിപ്പുലിയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്.

