ഡൽഹി: ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്ന ‘യൂസർനെയിം’ (Username) ഫീച്ചറിനെതിരെ കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചതിന് പിന്നാലെ വ്യക്തത വരുത്തി കമ്പനി.
പുതിയ ഫീച്ചർ വരുമ്പോഴും വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കാൻ ഫോൺ നമ്പർ നിർബന്ധമായിരിക്കുമെന്നും, പുതിയ സംവിധാനം വഴിയുണ്ടാകാൻ സാധ്യതയുള്ള തട്ടിപ്പുകളെ തടയാൻ കർശന സുരക്ഷാ മുൻകരുതലുകൾ ഒരുക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
യൂസർനെയിം അടിസ്ഥാനമാക്കി അക്കൗണ്ടുകൾ പ്രവർത്തിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ദുരുപയോഗങ്ങളെക്കുറിച്ചും സുരക്ഷാ വീഴ്ചകളെക്കുറിച്ചും ആശങ്ക ഉന്നയിച്ചാണ് കേന്ദ്ര സർക്കാർ വാട്സ്ആപ്പിന് നോട്ടീസ് നൽകിയിരുന്നത്.
വാട്സ്ആപ്പിൽ ഒരു വ്യക്തിക്ക് സന്ദേശമയക്കണമെങ്കിൽ മറ്റ് ഉപയോക്താക്കൾക്ക് ആ വ്യക്തിയുടെ കൃത്യമായ യൂസർനെയിം തന്നെ അറിഞ്ഞിരിക്കണം.
ഒരു അക്കൗണ്ടിൽ നിന്ന് പുതുതായി എത്ര ആളുകളെ ബന്ധപ്പെടാം എന്നതിന് കൃത്യമായ പരിധി നിശ്ചയിക്കുന്നതായിരിക്കും.
മറ്റൊരാളുടെ യൂസർനെയിം ഊഹിച്ചെടുത്ത് ആവർത്തിച്ച് തിരയാനും കണ്ടെത്താനും ശ്രമിക്കുന്ന അക്കൗണ്ടുകളെ വാട്സ്ആപ്പ് തടയും.
വ്യാജരേഖ ചമയ്ക്കലും ദുരുപയോഗങ്ങളും മുൻകൂട്ടി കണ്ടെത്തി അത്തരം അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള ശക്തമായ സംവിധാനങ്ങൾ ഫീച്ചറിനൊപ്പം ഒരുക്കിയിട്ടുണ്ടെന്നും വാട്സ്ആപ്പ് അധികൃതർ വ്യക്തമാക്കി.

