കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപ്പാതയ്ക്കു സമീപമുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. മീനാക്ഷി പുഴയോടു ചേർന്നുള്ള ഭാഗത്ത് ഇന്ന് രാവിലെ നടത്തിയ വിപുലമായ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം നാലായി ഉയർന്നു.
ദുരന്തത്തിൽപ്പെട്ട് കാണാതായ ഇനിയും നാല് പേർക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ദുരന്തബാധിത പ്രദേശം നാല് പ്രത്യേക സോണുകളായി തിരിച്ചാണ് ഇപ്പോൾ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.’കഡാവർ’ (ശവശരീരങ്ങൾ കണ്ടെത്താൻ പരിശീലനം ലഭിച്ച) നായ്ക്കളെയും തിരച്ചിലിനായി നിയോഗിച്ചിട്ടുണ്ട്.

