‘ആവിലും ഇല്ല ദുനിയാവിലും ഇല്ല’ എന്ന രീതി:കെ.കെ രാഗേഷിനെ തള്ളി പി.കെ ശ്രീമതി

10 July 2026
‘ആവിലും ഇല്ല ദുനിയാവിലും ഇല്ല’ എന്ന രീതി:കെ.കെ രാഗേഷിനെ തള്ളി പി.കെ ശ്രീമതി

ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ വിവാദത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെ തള്ളി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി.

രാഗേഷ് പറഞ്ഞ കാര്യങ്ങളിൽ വ്യക്തതയില്ലെന്നും ‘ആവിലും ഇല്ല ദുനിയാവിലും ഇല്ല’ എന്ന രീതിയിൽ സംസാരിക്കരുതെന്നും പി.കെ ശ്രീമതി ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. പറയുന്ന കാര്യങ്ങളിൽ എപ്പോഴും കൃത്യമായ വ്യക്തത ഉണ്ടായിരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. വിഴിഞ്ഞം വിഷയത്തിൽ മുതിർന്ന നേതാവ് ഇ.പി ജയരാജൻ സ്വീകരിച്ച നിലപാട് തന്നെയാണ് തനിക്കുമുള്ളതെന്ന് ശ്രീമതി ടീച്ചർ വ്യക്തമാക്കി.

കെ.കെ രാഗേഷിനെ താൻ വ്യക്തിപരമായി അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല. എന്നാൽ, ഒരു വിഷയത്തിൽ നിലപാട് പരസ്യമായി പറയുമ്പോൾ അതിനുള്ള കാരണങ്ങൾ കൂടി ബോധ്യപ്പെടുത്താൻ രാഗേഷിന് സാധിക്കണം. എന്നാലേ പൊതുജനങ്ങൾക്ക് കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുകയുള്ളൂവെന്നും പി.കെ ശ്രീമതി ഓർമ്മിപ്പിച്ചു.

ദിവ്യ എസ്. അയ്യർ പ്രഗത്ഭയായ ഒരു ഉദ്യോഗസ്ഥയാണെന്ന് അവർ പ്രശംസിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മാറ്റങ്ങൾ തികച്ചും സ്വാഭാവികമായ ഒരു നടപടിക്രമം മാത്രമാണ്.അത്തരമൊരു മാറ്റത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അവർ പറഞ്ഞു.