മുന്നണി മുന്നോട്ട് പോകാൻ പദവികൾ പങ്കുവെക്കണം; പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി കടുപ്പിച്ച് സിപിഐ

12 July 2026
മുന്നണി മുന്നോട്ട് പോകാൻ പദവികൾ പങ്കുവെക്കണം; പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി കടുപ്പിച്ച് സിപിഐ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും ഇതിൽ തർക്കമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

കീഴ്‌വഴക്കങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ലെന്നും എൽഡിഎഫ് മുന്നണി ഒന്നിച്ചുപോകാൻ ആവശ്യമാണെങ്കിൽ എല്ലാ കീഴ്‌വഴക്കങ്ങളും മാറ്റിയെഴുതണമെന്നും അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽഡിഎഫ് മുന്നോട്ട് പോകണമെങ്കിൽ എല്ലാ പദവികളും ഒരൊറ്റ പാർട്ടി തന്നെ കൈവശം വെക്കുന്ന രീതി മാറിയേ തീരൂ എന്ന് ബിനോയ് വിശ്വം പറഞ്ഞു. സ്ഥാനങ്ങൾ ചെറുതോ വലുതോ ആകട്ടെ, അത് പങ്കുവെക്കുന്നത് മുന്നണിയെ ശക്തമാക്കാനേ സഹായിക്കൂ.

മുഖ്യമന്ത്രി പദം പോലും വേണ്ടെന്നുവെച്ച ചരിത്രമുള്ള പാർട്ടിക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ഒരു വലിയ കാര്യമേയല്ലെന്നും, എന്നാൽ എൽഡിഎഫിനുള്ളിൽ ആ രാഷ്ട്രീയ ബോധ്യം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.