വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി; ‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി

20 July 2026
വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി; ‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി

തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ദേശാഭിമാനി വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിച്ചു. മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ചരമവാർഷികത്തോടനുബന്ധിച്ചുള്ള ഓർമ്മക്കുറിപ്പ് ഉൾപ്പെടുത്തിയാണ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. അതേസമയം, വലിയ വിവാദങ്ങൾക്ക് വഴിവെച്ച ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിലുള്ള ഫീച്ചർ ഒഴിവാക്കിയിട്ടുണ്ട്.

ധാരണയായി ഞായറാഴ്ചകളിൽ പത്രത്തോടൊപ്പം പുറത്തിറങ്ങേണ്ട വാരാന്തപ്പതിപ്പ് അച്ചടി പൂർത്തിയായ ശേഷമാണ് വിതരണം ചെയ്യാതിരുന്നത്. സാങ്കേതിക കാരണങ്ങളാലാണ് പ്രസിദ്ധീകരണം തടസ്സപ്പെട്ടതെന്നായിരുന്നു ദേശാഭിമാനിയുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ,

വി.എസ്. അച്യുതാനന്ദനുമായി ബന്ധപ്പെട്ട ലേഖനമാണ് ഇതിന് പിന്നിലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതോടെയാണ് ‘കള്ളൻ വിജയൻ’ എന്ന ലേഖനമാണ് പ്രശ്നമായതെന്ന് അധികൃതർ അനൗദ്യോഗികമായി വ്യക്തമാക്കിയത്.

ദേശാഭിമാനിയെ ചുറ്റിപ്പറ്റി തുടർച്ചയായി ഉണ്ടാകുന്ന വിവാദങ്ങളെ പാർട്ടി നേതൃത്വം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. വാരാന്തപ്പതിപ്പ് കൃത്യസമയത്ത് പുറത്തിറക്കാൻ കഴിയാതെ വന്ന സാഹചര്യം വിശദമായി പരിശോധിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

സംഭവത്തിൽ വീഴ്ച വരുത്തിയ ചുമതലക്കാരനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.