പയ്യന്നൂരിൽ മുൻ സിപിഎം നേതാവിന്റെ ചെമ്മീൻ ഫാമിലെ ഷെഡിന് തീയിട്ടു; പിന്നിൽ സിപിഎം എന്ന് ആരോപണം

23 July 2026
പയ്യന്നൂരിൽ മുൻ സിപിഎം നേതാവിന്റെ ചെമ്മീൻ ഫാമിലെ ഷെഡിന് തീയിട്ടു; പിന്നിൽ സിപിഎം എന്ന് ആരോപണം

കണ്ണൂർ: പയ്യന്നൂർ കണ്ടങ്കാളിയിൽ മുൻ സിപിഎം നേതാവ് ടി. പുരുഷോത്തമന്റെ ചെമ്മീൻ ഫാമിലെ ഷെഡ് പൂർണ്ണമായി കത്തിനശിച്ചു. വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയെ പിന്തുണച്ചതിന്റെ പേരിൽ മുൻപ് പാർട്ടി വിട്ട നേതാവാണ് പുരുഷോത്തമൻ. ഇന്നലെ അർദ്ധരാത്രിയോടെയാണ് ഒരു സംഘം ആളുകൾ ഫാമിലെ ഷെഡിന് തീയിട്ടത്.

ഇന്ന് രാവിലെ ചെമ്മീന് തീറ്റ നൽകാനായി എത്തിയപ്പോഴാണ് ഷെഡ് പൂർണ്ണമായും കത്തിയമർന്ന നിലയിൽ കണ്ടെത്തിയത്. ഷെഡിനുള്ളിൽ സൂക്ഷിച്ചിരുന്ന ഫാം സാമഗ്രികൾ, വലകൾ, ചെമ്മീൻ തീറ്റ, ട്രേകൾ, പൈപ്പുകൾ, ബോക്സുകൾ എന്നിവയെല്ലാം കത്തിനശിച്ചു.

കൂടാതെ, ചെമ്മീൻ കുഞ്ഞുങ്ങളെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഫാമിലെ വെള്ളത്തിൽ വിഷാംശമുള്ള ഏതോ ദ്രാവകം കലക്കിയതായും സംശയിക്കുന്നുണ്ട്. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആക്രമണത്തിന് പിന്നിൽ എം.എൽ.എ ടി.ഐ. മധുസൂദനനും സിപിഎമ്മുമാണെന്ന് പുരുഷോത്തമൻ ആരോപിച്ചു.

വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരെ ലക്ഷ്യമിട്ട് സിപിഎം അക്രമത്തിന് പദ്ധതിയിടുകയായിരുന്നുവെന്നും, കഴിഞ്ഞ ദിവസങ്ങളിൽ തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ഭീഷണികൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും പുരുഷോത്തമന്റെ വീടിന് നേരെ ആക്രമണം നടക്കുകയും കാറിന് തീയിടുകയും ചെയ്തിരുന്നു. ഈ കേസിൽ അഞ്ച് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.