കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 27 വയസ്സ്

26 July 2026
കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 27 വയസ്സ്

ന്യൂഡൽഹി: ഭാരതത്തിന്റെ സൈനിക കരുത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 27 വർഷം തികയുന്നു. 1999 ജൂലൈ 26-നാണ് രാജ്യത്തിന്റെ അതിർത്തികൾ കൈയേറാൻ ശ്രമിച്ച പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരെ തുരത്തി ഇന്ത്യൻ സൈന്യം മഞ്ഞുമൂടിയ പർവ്വതശിഖരങ്ങളിൽ വിജയക്കൊടി പാറിച്ചത്.

സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്ററിലധികം ഉയരത്തിൽ, കൊടും തണുപ്പും പ്രതികൂല കാലാവസ്ഥയും അതിജീവിച്ചാണ് ഇന്ത്യൻ സൈന്യം നുഴഞ്ഞുകയറ്റക്കാരെ അടിച്ചമർത്തിയത്.

വർഷത്തിൽ ഒമ്പത് മാസവും കഠിനമായ മഞ്ഞുവീഴ്ച അനുഭവപ്പെടുന്ന കാർഗിൽ മേഖലയിൽ, ശൈത്യകാലത്ത് ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ പിൻവാങ്ങുന്നതായിരുന്നു മുൻപത്തെ രീതി. എന്നാൽ 1999-ൽ ഈ കരാർ ലംഘിച്ച് പാക് സൈന്യം സാധാരണയിലും നേരത്തെ അതിക്രമിച്ചു കയറുകയായിരുന്നു.

മെയ് മാസത്തിന്റെ തുടക്കത്തിൽ പ്രദേശത്തെ ആടുമേയ്ക്കുന്നവരാണ് പാക് നുഴഞ്ഞുകയറ്റത്തെപ്പറ്റിയുള്ള ആദ്യ സൂചനകൾ ഇന്ത്യൻ സേനയ്ക്ക് നൽകിയത്.

തുടർന്നുള്ള പട്രോളിംഗിലൂടെ നുഴഞ്ഞുകയറ്റം ഉറപ്പുവരുത്തിയ ഇന്ത്യൻ സൈന്യം ‘ഓപ്പറേഷൻ വിജയ്’ ആരംഭിച്ചു. മെയ് 3-ന് തുടക്കമിട്ട ഏറ്റുമുട്ടൽ 72 ദിവസത്തോളം നീണ്ടുനിൽക്കുകയും ജൂലൈ 26-ന് ഇന്ത്യ ഔദ്യോഗികമായി വിജയം പ്രഖ്യാപിക്കുകയും ചെയ്തു.

രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനുള്ള ഈ അതിതീവ്ര പോരാട്ടത്തിൽ 527 ഇന്ത്യൻ ജവാന്മാരാണ് വീരമൃത്യു വരിച്ചത്.