അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി

29 July 2026
അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർഥികൾക്കെതിരെ നടന്ന പോലീസ് അതിക്രമങ്ങൾക്ക് ഉത്തരവാദി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന് ആവർത്തിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അമിത് ഷായ്‌ക്കെതിരായ പ്രസ്താവനകളുടെ പേരിൽ ഒരു കാരണവശാലും മാപ്പ് പറയില്ലെന്നും കോൺഗ്രസ് ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

മർദ്ദനമേറ്റ വിദ്യാർഥികളുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം. ഡൽഹി പോലീസിനെ നിയന്ത്രിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമായതിനാൽ ഇത്തരം നടപടികൾക്ക് ഉത്തരവിടുന്നത് അമിത് ഷാ തന്നെയാണെന്ന് രാഹുൽ ആരോപിച്ചു.

പാർലമെന്റിൽ വച്ച് അമിത് ഷാ പോലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിക്കുന്നത് നേരിട്ട് കണ്ടതാണ്. നിരന്തരം ഫോൺ കോളുകൾ പോകുന്നുണ്ടായിരുന്നു. പോലീസ് അതിക്രമം ആഭ്യന്തരമന്ത്രി അറിഞ്ഞില്ല എന്ന് പറയുന്നത് വലിയ കഴിവുകേടാണ്.പരുക്കേറ്റ ഒരു വിദ്യാർഥിക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.