പെരുന്ന ക്ഷേത്രത്തിനു സമീപത്തെ കുളത്തില്‍ കണ്ണൂർ സ്വദേശിയായ വിദേശപഠന വിദ്യാര്‍ഥി മുങ്ങി മരിച്ചു

31 July 2026
പെരുന്ന ക്ഷേത്രത്തിനു സമീപത്തെ കുളത്തില്‍ കണ്ണൂർ സ്വദേശിയായ വിദേശപഠന വിദ്യാര്‍ഥി മുങ്ങി മരിച്ചു

ചങ്ങനാശേരി: പെരുന്ന ക്ഷേത്രത്തിനു സമീപമുള്ള കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കണ്ണൂർ ആലക്കോട് നെല്ലിക്കുന്നം പുതിയേടത്ത് ജോസ്വിൻ മാത്യു (23) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

ചെത്തിപ്പുഴയിലുള്ള സ്വകാര്യ പഠന കേന്ദ്രത്തിൽ വിദേശപഠന കോഴ്‌സ് ചെയ്തു വരികയായിരുന്ന ജോസ്വിൻ ചങ്ങനാശേരിയിലെ ഹോസ്റ്റലിലായിരുന്നു താമസം. ഉച്ചയ്ക്ക് സുഹൃത്തുക്കൾക്കൊപ്പം പെരുന്നയിലെ കുളത്തില്‍ കുളിക്കാനിറങ്ങിയ ജോസ്വിൻ നീന്തുന്നതിനിടെ അപ്രതീക്ഷിതമായി മുങ്ങിത്താഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ ബഹളം കേട്ടെത്തിയ പ്രദേശവാസികളാണ് ജോസ്വിനെ കുളത്തിൽ നിന്ന് പുറത്തെടുത്തത്. ഉടൻ തന്നെ പെരുന്നയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചങ്ങനാശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.