പലിശനിരക്കിൽ മാറ്റമില്ല; റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്തി റിസർവ് ബാങ്ക്

5 August 2026
പലിശനിരക്കിൽ മാറ്റമില്ല; റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്തി റിസർവ് ബാങ്ക്

മുംബൈ: ആഗോള വിപണികളിലെ അസ്ഥിരത കണക്കിലെടുത്ത് രാജ്യത്തെ പലിശനിരക്കുകളിൽ മാറ്റംവരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). വായ്പാ നയ അവലോകനത്തിന് ശേഷം റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തന്നെ തുടരുമെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു. തുടർച്ചയായി നാലാം തവണയാണ് ആർബിഐ റിപ്പോ നിരക്കിൽ മാറ്റമില്ലാതെ നിലനിർത്തുന്നത്.

പശ്ചിമേഷ്യയിലെ രൂക്ഷമായ രാഷ്ട്രീയ-സൈനിക സംഘർഷങ്ങളും ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന കടുത്ത ചാഞ്ചാട്ടവുമാണ് ‘കാത്തിരുന്ന് കാണുക’ (Wait and Watch) എന്ന സമീപനം സ്വീകരിക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചത്. തൽക്കാലം പെട്ടെന്നുള്ള നയമാറ്റങ്ങൾക്ക് മുതിരാതെ വിപണിയിൽ സ്ഥിരതയും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്. അതിനാൽ തന്നെ നിലവിലുള്ള ‘നിഷ്പക്ഷ’ (Neutral) വായ്പാ നയത്തിൽ മാറ്റംവരുത്തിയിട്ടില്ല.

വരും ദിവസങ്ങളിൽ എണ്ണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്, പണപ്പെരുപ്പം ഉയരാനുള്ള സാധ്യതകൾ എന്നിവ റിസർവ് ബാങ്കിന് മുന്നിലെ പ്രധാന വെല്ലുവിളികളാണ്. എന്നാൽ, രാജ്യത്തെ വിദേശ നാണ്യ നിക്ഷേപത്തിൽ ഉണ്ടായ ഗണ്യമായ വർധനവ് ആർബിഐക്ക് വലിയ ആശ്വാസവും ആത്മവിശ്വാസവും നൽകുന്നുണ്ട്. ജൂലായ് 31 വരെയുള്ള കണക്കുകൾ പ്രകാരം 3.89 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപമാണ് രാജ്യത്തേക്ക് ഒഴുകിയെത്തിയത്.