കാറിന്റെ അടിയിൽ ഒളിപ്പിച്ച 96 ഗ്രാം എംഡിഎംഎ പിടികൂടി

10 August 2026
കാറിന്റെ അടിയിൽ ഒളിപ്പിച്ച 96 ഗ്രാം എംഡിഎംഎ പിടികൂടി

ഇരിട്ടി: ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പരിശോധനയുടെ ഭാഗമായി ഇരിട്ടി പോലീസും ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 96 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന സൂത്രധാരൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി.

കണ്ണൂർ കൊളച്ചേരി സ്വദേശികളായ നിസാർ (35), ‘ചാണ്ടി ഷമീം’ എന്ന ഷമീം (45) എന്നിവരെ സംഭവസ്ഥലത്തുനിന്നും, കേസിന്റെ പ്രധാന സൂത്രധാരനായ കൊളച്ചേരി കമ്പിൽ സ്വദേശി ഹാനി ഹദാഷിനെ (26) ബെംഗളൂരുവിൽ വച്ചുമാണ് ഇരിട്ടി പോലീസ് പിടികൂടിയത്.

കർണാടകയിൽ നിന്നും വരുകയായിരുന്ന കർണാടക രജിസ്ട്രേഷനിലുള്ള വാഹനം കൂട്ടുപുഴ ചെക്പോസ്റ്റിൽ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ അതിവേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. തുടർന്ന് പോലീസും ലഹരിവിരുദ്ധ സംഘവും വാഹനത്തെ പിന്തുടർന്നു. വഴിമധ്യേ വള്ളിത്തോട് കുന്നോത്തുപറമ്പിന് സമീപം വാഹനം നിർത്തിയിട്ട നിലയിൽ കണ്ടെത്തി.

ആദ്യഘട്ടത്തിൽ വാഹനം പരിശോധിച്ചപ്പോൾ ലഹരിമരുന്ന് കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് സംശയം തോന്നിയ പോലീസ് ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തി അടിഭാഗം വിശദമായി പരിശോധിക്കുകയായിരുന്നു. നിയോഡീമിയം കാന്തങ്ങൾ ഉപയോഗിച്ച് ഉറപ്പിച്ചിരുന്ന പ്രത്യേക കാന്തപ്പെട്ടി പോലീസ് കണ്ടെത്തി. ഈ കാന്തപ്പെട്ടി തുറന്നപ്പോഴാണ് 96 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.