ഇരിക്കൂർ: ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ റവന്യൂ ഭൂമി തകർത്ത് നടത്തിയ നിയമവിരുദ്ധ മതിൽ നിർമ്മാണം ഇരിക്കൂർ എംഎൽഎ അഡ്വ. സജീവ് ജോസഫ് ഇടപെട്ട് തടഞ്ഞു. നടുവിൽ പഞ്ചായത്തിലെ പാലക്കയം തട്ടിലുള്ള ഒരു സ്വകാര്യ റിസോർട്ടിന് സമീപം ചെങ്കുത്തായ കുന്ന് ഇടിച്ച് മതിൽ നിർമ്മിക്കുന്നതായി പ്രദേശവാസികൾ പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ എംഎൽഎയും മറ്റ് ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പരിശോധനയിൽ യാതൊരുവിധ അനുമതികളുമില്ലാതെയാണ് റവന്യൂ ഭൂമി കുത്തിപ്പൊളിച്ച് നിർമ്മാണം നടത്തുന്നതെന്ന് കണ്ടെത്തി. പരിസ്ഥിതിക്കും പ്രദേശവാസികളുടെ സുരക്ഷയ്ക്കും ഒരുപോലെ ഭീഷണിയാകുന്ന ഇത്തരം നിയമവിരുദ്ധ പ്രവൃത്തികൾ ഉടൻ നിർത്തിവെക്കാൻ എംഎൽഎ നിർദേശം നൽകി.

