കണ്ണൂർ: പയ്യാമ്പലം കടപ്പുറത്ത് കുളിക്കാനിറങ്ങി ശക്തമായ തിരയിലും അടിയൊഴുക്കിലും പെട്ട പെരിന്തൽമണ്ണ സ്വദേശിയായ യുവാവിനെ കോസ്റ്റൽ പോലീസും ലൈഫ് ഗാർഡുകളും ചേർന്ന് രക്ഷപ്പെടുത്തി.
കടലിലിറങ്ങിയ യുവാവ് പെട്ടെന്ന് വീശിയടിച്ച ശക്തമായ തിരമാലയിൽപ്പെട്ട് ഒലിച്ചുപോകുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ രക്ഷാപ്രവർത്തകർ സാഹസികമായി കടലിലേക്ക് ചാടി യുവാവിനെ കരക്കെത്തിക്കുകയായിരുന്നു.
അഴിക്കൽ കോസ്റ്റൽ വാർഡൻ സുജേഷ്, ലൈഫ് ഗാർഡുകളായ ഷിജിൻ, ഡേവിഡ്, വിജേഷ്, സിവിൽ പോലീസ് ഓഫീസർ അരുൺ എന്നിവരടങ്ങിയ സംഘമാണ് കൃത്യസമയത്ത് ഇടപെട്ട് വൻ ദുരന്തം ഒഴിവാക്കിയത്.

