യുജിസി നെറ്റ്: മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ച് എന്‍ടിഎ

17 August 2026
യുജിസി നെറ്റ്: മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ച് എന്‍ടിഎ

ന്യൂഡൽഹി: കഴിഞ്ഞ യുജിസി നെറ്റ് (UGC-NET) പരീക്ഷാ നടത്തിപ്പിലുണ്ടായ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് പ്രധാന വിഷയങ്ങളിൽ വീണ്ടും പരീക്ഷ നടത്താൻ ദേശീയ പരീക്ഷാ ഏജൻസി (NTA).

വിദ്യാർത്ഥികളുടെ വ്യാപക പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലെ പരീക്ഷകൾ റദ്ദാക്കി പുതിയ തീയതികൾ പ്രഖ്യാപിച്ചത്.

പുതുക്കിയ പരീക്ഷാ സമയക്രമം:

  • സെപ്റ്റംബർ 9 (രാവിലെ 9.00 – 12.00): ഇംഗ്ലീഷ്
  • സെപ്റ്റംബർ 9 (ഉച്ചയ്ക്ക് ശേഷം 3.00 – 6.00): കൊമേഴ്സ്
  • സെപ്റ്റംബർ 10 (രാവിലെ 9.00 – 12.00): സോഷ്യോളജി

ആൻസർ കീ പുറത്തുവന്നതോടെയാണ് ചോദ്യങ്ങളിലെ അപാകതകൾ ചൂണ്ടിക്കാട്ടി ഉദ്യോഗാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ടൈപ്പിംഗ് തെറ്റുകൾ, ചോദ്യങ്ങളുടെ ഘടനയിലെ പിഴവുകൾ, പരിഭാഷയിലെ അബദ്ധങ്ങൾ എന്നിവയ്ക്ക് പുറമെ മുൻവർഷങ്ങളിലെ ചോദ്യങ്ങൾ അതേപടി ആവർത്തിച്ചതായും പരാതി ഉയർന്നു.

വിഷയം പരിശോധിക്കാൻ എൻടിഎ നിയോഗിച്ച പ്രത്യേക ആഭ്യന്തര സമിതി വിദ്യാർത്ഥികളുടെ ആക്ഷേപം ശരിവെക്കുകയും പുനഃപരീക്ഷ നടത്താൻ ശുപാർശ ചെയ്യുകയുമായിരുന്നു. ദേശീയതലത്തിലുള്ള പരീക്ഷാ നടത്തിപ്പിലെ എൻടിഎയുടെ തുടർച്ചയായ അശ്രദ്ധ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.