വിവാഹമോചന കേസിന് പിന്നാലെ പ്രതികാരം: പയ്യന്നൂര്‍ കരിവെള്ളൂരിൽ ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി, 3 പേർക്ക് പൊള്ളലേറ്റു

17 August 2026
വിവാഹമോചന കേസിന് പിന്നാലെ പ്രതികാരം: പയ്യന്നൂര്‍ കരിവെള്ളൂരിൽ ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി, 3 പേർക്ക് പൊള്ളലേറ്റു

പയ്യന്നൂർ: വിവാഹമോചനത്തിന് കേസ് കൊടുത്തതിന്റെ വിരോധത്തിൽ ഭാര്യയെ ഭർത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. കണ്ണൂർ കരിവെള്ളൂർ കുക്കാനത്ത് ഞായറാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

കുക്കാനം സ്വദേശി പ്രജിഷയ്ക്കാണ് (32) ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റത്. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രജിഷയുടെ അമ്മ പത്മിനിക്കും (58) പൊള്ളലേറ്റു. സംഭവത്തിൽ ഭർത്താവ് സനലിനെതിരെ (35) പയ്യന്നൂർ പോലീസ് വധശ്രമത്തിന് കേസെടുത്തു.

നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഉടൻ തന്നെ തീയണച്ച് പ്രജിഷയെയും അമ്മയെയും ആശുപത്രിയിലാക്കിയത്. സാരമായി പൊള്ളലേറ്റ ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണത്തിനിടെ സനലിനും നിസ്സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.