പയ്യന്നൂർ: കൂക്കാനത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച പെരളം വെരീക്ക സ്വദേശി സി.വി. സനൽ കുമാർ (35) മരിച്ചു. ആക്രമണത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സനൽ കുമാർ ചൊവ്വാഴ്ച പുലർച്ചെയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
ഞായറാഴ്ച രാത്രിയിലാണ് സനൽ കുമാർ ഭാര്യ പി. പ്രജിഷയുടെ കൂക്കാനത്തെ വീട്ടിലെത്തി അക്രമം നടത്തിയത്. പ്രജിഷയെയും ഭാര്യാമാതാവ് പി. പത്മിനിയെയും പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. തടയാനും രക്ഷപ്പെടാനും ശ്രമിക്കുന്നതിനിടെയാണ് സനൽ കുമാറിനും ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റത്.

