എൻടിഎയിൽ വൻ അഴിച്ചുപണി: 600 വിദഗ്ധരെ ഒഴിവാക്കി; നാലുഘട്ട ചോദ്യപേപ്പർ പരിശോധനയും സിഐഎസ്എഫ് സുരക്ഷയും നടപ്പാക്കും

19 August 2026
എൻടിഎയിൽ വൻ അഴിച്ചുപണി: 600 വിദഗ്ധരെ ഒഴിവാക്കി; നാലുഘട്ട ചോദ്യപേപ്പർ പരിശോധനയും സിഐഎസ്എഫ് സുരക്ഷയും നടപ്പാക്കും

ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തുന്ന പരീക്ഷകളുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം വൻ അഴിച്ചുപണിക്ക് തുടക്കമിട്ടു.മുൻ പരീക്ഷകളിലെ വീഴ്ചകളെ തുടർന്ന് 600 വിദഗ്ധരെ ഒഴിവാക്കുകയും പകരക്കാരായി പുതിയ വിദഗ്ധരെ നിയമിക്കുകയും ചെയ്തു.ചോദ്യപേപ്പറുകളിൽ കടന്നുകൂടുന്ന തെറ്റുകളും വീഴ്ചകളും ഒഴിവാക്കാൻ നാലുഘട്ട (Four-Tier) പരിശോധനാ സംവിധാനം ഇനിമുതൽ പ്രാബല്യത്തിൽ വരും.

അടുത്ത 2-3 ആഴ്ചകൾക്കുള്ളിൽ 20 മുതൽ 25 വരെ പുതിയ ഉദ്യോഗസ്ഥരെ എൻടിഎയിൽ നിയമിക്കും.എൻടിഎ ഓഫീസുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ കെട്ടിട സമുച്ചയത്തിലേക്ക് അടിയന്തരമായി മാറ്റാനും, കെട്ടിടത്തിന് സിഐഎസ്എഫ് (CISF) സുരക്ഷ ഏർപ്പെടുത്താനും തീരുമാനമായി.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന യുജിസി നെറ്റ് പരീക്ഷയിലെ വീഴ്ചകളെ തുടർന്ന് പരീക്ഷ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഈ കർശന നടപടി.വീഴ്ചകൾക്ക് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുന്നതിനായി പരീക്ഷാ നടത്തിപ്പ് കൂടുതൽ സുതാര്യവും കുറ്റമറ്റതുമാക്കുമെന്നും എൻടിഎ വ്യക്തമാക്കി.

കേന്ദ്ര വിദ്യാഭ്യാസമന്ത്രി എൻടിഎ ഉന്നത അധികൃതരുമായി നടത്തിയ അടിയന്തര യോഗത്തിലാണ് സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാൻ നിർദേശം നൽകിയത്. പരീക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കാനും, നിലവിലെ എല്ലാ പരീക്ഷാ നടപടികളും സമഗ്ര ഓഡിറ്റിന് വിധേയമാക്കി തിരുത്തൽ നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.