ചെന്നൈ: സതേൺ സോണൽ കൗൺസിലിന്റെ 31-ാമത് സമ്മേളനത്തിൽ പങ്കെടുക്കാൻ ചെന്നൈയിലെത്തിയ കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ, തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുമായി കൂടിക്കാഴ്ച നടത്തി. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
കോവളത്തെ സ്വകാര്യ ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് അധ്യക്ഷത വഹിക്കുന്നത്. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
1956-ലെ സംസ്ഥാന പുനഃസംഘടനാനിയമപ്രകാരം രൂപവത്കരിച്ച മേഖലാ കൗൺസിലുകളുടെ ചെയർമാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയാണ്. സതേൺ കൗൺസിലിന്റെ വൈസ് ചെയർമാനായി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിനെയും സെക്രട്ടറിയായി തമിഴ്നാട് ചീഫ് സെക്രട്ടറി സായികുമാറിനെയും തെരഞ്ഞെടുത്തു. വൈസ് ചെയർമാൻ, സെക്രട്ടറി പദവികൾ അംഗസംസ്ഥാനങ്ങൾ മാറിമാറിയാണ് വഹിക്കുന്നത്. കൗൺസിലിന്റെ 30-ാമത് സമ്മേളനം 2022-ൽ തിരുവനന്തപുരത്താണ് നടന്നത്.

