അക്രമകാരികളായ തെരുവുനായ്ക്കൾക്ക് ദയാവധം: മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് സർക്കാർ; തീരുമാനമെടുക്കാൻ ഏഴംഗ സമിതി

24 August 2026
അക്രമകാരികളായ തെരുവുനായ്ക്കൾക്ക് ദയാവധം: മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് സർക്കാർ; തീരുമാനമെടുക്കാൻ ഏഴംഗ സമിതി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന അക്രമകാരികളും രോഗബാധിതരുമായ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാൻ സർക്കാർ ഉത്തരവായി.

തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എസ്. ഷാനവാസാണ് ഇത് സംബന്ധിച്ച കർശന മാനദണ്ഡങ്ങൾ അടങ്ങിയ ഉത്തരവ് പുറത്തിറക്കിയത്. തെരുവുനായ വിഷയത്തിൽ സുപ്രീം കോടതിയുടെ മുൻവിധിയിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഈ നീക്കം.

ഏതൊക്കെ നായ്ക്കൾക്കാണ് ദയാവധം?

ചില പ്രത്യേക സാഹചര്യങ്ങളിൽ ഉള്ള നായ്ക്കളെ മാത്രമായിരിക്കും ദയാവധത്തിന് വിധേയമാക്കുക:

  • പേവിഷബാധ സ്ഥിരീകരിച്ചതോ ശക്തമായ ലക്ഷണങ്ങൾ കാണിക്കുന്നതോ ആയ നായ്ക്കൾ.
  • യാതൊരു പ്രകോപനവുമില്ലാതെ മനുഷ്യരെയോ മറ്റ് മൃഗങ്ങളെയോ ആക്രമിക്കുന്നവയും പൊതുജനസുരക്ഷയ്ക്ക് ഭീഷണിയാകുന്നവയും.
  • ചികിത്സ ലഭിച്ചിട്ടും ഭേദമാകാത്തതും കഠിനമായ വേദന അനുഭവിക്കുന്നതുമായ മാരകരോഗമുള്ള നായ്ക്കൾ.
  • ജീവൻ നിലനിർത്താൻ കഴിയാത്ത വിധം മാരകമായി പരിക്കേറ്റവ.

തീരുമാനമെടുക്കാൻ ഏഴംഗ സമിതി

ദയാവധം ഉൾപ്പെടെയുള്ള തെരുവുനായ നിയന്ത്രണ നടപടികൾക്കായി തദ്ദേശ സ്ഥാപന തലത്തിൽ ‘സ്‌ട്രേ ഡോഗ് മാനേജ്‌മെന്റ് കമ്മിറ്റികൾ’ രൂപീകരിക്കും. തദ്ദേശ സ്ഥാപന അധ്യക്ഷൻ ചെയർമാനും സെക്രട്ടറി കൺവീനറുമായുള്ള ഏഴംഗ സമിതിയായിരിക്കും ഇത്. വാർഡ് കൗൺസിലർ, വെറ്ററിനറി ഓഫീസർ, എബിസി (ABC) പ്രോജക്ട് ഓഫീസർ, മെഡിക്കൽ ഓഫീസർ, അനിമൽ വെൽഫെയർ ബോർഡ് പ്രതിനിധി എന്നിവരാണ് മറ്റ് അംഗങ്ങൾ.

സമിതിയിലെ അഞ്ച് അംഗങ്ങൾ പങ്കെടുത്താൽ കോറം തികയും. ഇവരുടെ ഭൂരിപക്ഷ തീരുമാനപ്രകാരമായിരിക്കും തുടർനടപടികൾ. ഉത്തരവിലെ നിബന്ധനകൾ തദ്ദേശ സ്ഥാപനങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഉറപ്പാക്കണമെന്നും മാർഗ്ഗരേഖയിൽ വ്യക്തമാക്കുന്നു.