കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു: പൈലറ്റും കോ-പൈലറ്റും മരിച്ചു

27 August 2026
കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു: പൈലറ്റും കോ-പൈലറ്റും മരിച്ചു

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റും കോ-പൈലറ്റും മരിച്ചു. കാൺപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഗാർഗ് ഏവിയേഷൻ’ എന്ന സ്വകാര്യ ഫ്ലൈയിംഗ് സ്കൂളിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്.

ഗംഗാ ബാരേജിന് സമീപമുള്ള കൃഷിയിടത്തിലേക്ക് വിമാനം തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗുജറാത്ത് സ്വദേശിയായ ഇൻസ്ട്രക്ടർ പൈലറ്റിന് 3,000-ത്തിലധികം മണിക്കൂർ വിമാനം പറത്തിയുള്ള ദീർഘകാല പരിചയസമ്പത്തുണ്ട്. വിമാനത്തിലുണ്ടായിരുന്ന ട്രെയിനി കോ-പൈലറ്റ് കർണാടക സ്വദേശിയാണ്.

സിവിൽ എയറോഡ്രോമിൽ നിന്ന് പരിശീലന പറക്കൽ നടത്തുന്ന സ്ഥാപനമാണ് ഗാർഗ് ഏവിയേഷൻ. നിലവിൽ അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവില്‍ ഏവിയേഷൻ (DGCA) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.