ആറളം ശലഭ സങ്കേതത്തിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

30 August 2026
ആറളം ശലഭ സങ്കേതത്തിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

ആറളം: ആറളം വളയംചാൽ ശലഭ സങ്കേതത്തിലെ പൂക്കുണ്ട് വനാതിർത്തിയിൽ ചീങ്കണ്ണിപ്പുഴയുടെ തുരുത്തിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഏകദേശം 15 വയസ്സ് പ്രായമുള്ള പെൺയാനയാണിത്.

ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ എന്നിവരുടെ സാന്നിധ്യത്തിൽ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഡോക്ടർ ശ്യാം എസ്., കുട്ടിമാവിൻകീഴ് വെറ്റിനറി പോളിക്ലിനിക്കിലെ ഡോ. അരുൺ സി. എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം സംസ്കരിച്ചു.

രോഗബാധയാകാം പ്രാഥമിക മരണകാരണമെന്നാണ് നിഗമനം. ലാബ് പരിശോധനാ ഫലം ലഭിച്ച ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.