ന്യൂഡൽഹി: സാമ്പത്തിക വെല്ലുവിളികൾക്കും ആഗോള അസ്ഥിരതകൾക്കുമിടയിലും ഇന്ത്യ 7.8 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചതിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്തെ 140 കോടി ജനങ്ങളുടെ കഠിനാധ്വാനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും വിജയമാണിതെന്നും സാമ്പത്തിക പുരോഗതിയുടെ നേട്ടം രാജ്യം ഒന്നാകെ ആഘോഷിക്കുകയാണെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു. വെല്ലുവിളികളെല്ലാം മറികടന്ന് അതിവേഗത്തിൽ മുന്നേറുന്ന ഭാരതത്തിന്റെ കൂട്ടായ കരുത്തിന്റെ പ്രതിഫലനമാണ് ഈ സാമ്പത്തിക നേട്ടമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശരാജ്യങ്ങളിൽ പോയി വിവാഹം കഴിക്കുന്ന ശീലം പരമാവധി ഒഴിവാക്കി രാജ്യത്തിനുള്ളിൽ തന്നെ വിവാഹങ്ങൾ നടത്താൻ ജനങ്ങൾ മുന്നോട്ടുവരണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. വിദേശ വിനോദയാത്രകൾ കുറച്ചുകൊണ്ട് രാജ്യത്തിനകത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, അത്യാവശ്യമില്ലാത്ത സാഹചര്യങ്ങളിൽ സ്വർണം വാങ്ങുന്നത് പരമാവധി നിയന്ത്രിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും വളർച്ചയ്ക്കും കൂടുതൽ കരുത്തുപകരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

