ശ്രീനഗർ: വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ തൂണിലിടിച്ച് ഇൻഡിഗോ വിമാനത്തിന് കേടുപാട് സംഭവിച്ചു. നവി മുംബൈയിൽ നിന്ന് ശ്രീനഗറിലെത്തിയ വിമാനമാണ് വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ അപകടത്തിൽപെട്ടത്.
വിമാനത്താവളത്തിലെ ബേ നമ്പർ ആറിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം മെറ്റൽ തൂണിലിടിച്ചത്. ഇടിച്ചതിന്റെ ആഘാതത്തിൽ കുത്തനെയുള്ള മെറ്റൽ പോസ്റ്റ് ഒരു വശത്തേക്ക് ചരിഞ്ഞുപോയി.
അപകടത്തിന് പിന്നാലെ ഗോവണി സ്ഥാപിച്ചാണ് യാത്രക്കാരെയും വിമാന ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയത്. സംഭവത്തിൽ അധികൃതർ വിശദമായ പരിശോധനയും അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക അന്വേഷണം പൂർത്തിയായ ശേഷമേ അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ.

