കത്തുന്ന ചിതയിൽനിന്ന് മൃതദേഹഭാഗം ഭക്ഷിച്ചു; സ്വയം പ്രഖ്യാപിത ‘ലേഡി അഘോരി’ അറസ്റ്റിൽ

4 September 2026
കത്തുന്ന ചിതയിൽനിന്ന് മൃതദേഹഭാഗം ഭക്ഷിച്ചു; സ്വയം പ്രഖ്യാപിത ‘ലേഡി അഘോരി’ അറസ്റ്റിൽ

ഉജ്ജയിൻ: കത്തുന്ന ചിതയിൽനിന്ന് മൃതദേഹഭാഗം വാൾ ഉപയോഗിച്ച് കുത്തിയെടുത്ത് ഭക്ഷിച്ച സ്വയം പ്രഖ്യാപിത ‘ലേഡി അഘോരി’ ഉജ്ജയിനിൽ പൊലീസിന്റെ പിടിയിലായി. സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരം നേടിയ ‘കാളി നന്ദ് ഗിരി’ എന്ന സന്യാസിനിയെയാണ് ഉജ്ജയിൻ പൊലീസ് അറസ്റ്റ് ചെയ്തത്.

കത്തുന്ന ചിതയിൽ നിന്ന് മൃതദേഹഭാഗങ്ങൾ എടുത്തു ഭക്ഷിക്കുന്ന ദൃശ്യങ്ങൾ ഇവർ തന്നെ പകർത്തി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുകയായിരുന്നു. ഈ വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നത്.

ശ്മശാനത്തിന്റെ മേൽനോട്ടം വഹിക്കുന്ന വിഷ്ണു മഹാരാജ് നൽകിയ പരാതിയിലാണ് നടപടി. ശ്മശാനത്തിലേക്ക് അതിക്രമിച്ചു കയറി, സംസ്കാരച്ചടങ്ങുകൾ അലങ്കോലപ്പെടുത്തി, മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. കോടതി ഇവരെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഇത്തരം പ്രവൃത്തികൾ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് ജൂനാ അഖാഡയിലെ മഹാമണ്ഡലേശ്വർ ശൈലേശാനന്ദ ഗിരി പറഞ്ഞു.

അല്ലൂരി ശ്രീനിവാസ് എന്ന വ്യക്തി പിന്നീട് ട്രാൻസ്ജെൻഡറായി മാറുകയും കാളി നന്ദ് ഗിരി എന്ന് പേര് സ്വീകരിക്കുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇവരുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും തട്ടിപ്പ് ആരോപണങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.