കാസർകോട്: കാസർകോട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്ത് സിപ്ലൈനിലുണ്ടായ അപകടത്തിൽ ഓപ്പറേറ്ററായ യുവാവ് മരിച്ചു. പനത്തടി ചാമുണ്ഡിക്കുന്ന് വാതിൽമാടിയിലെ കൃഷ്ണന്റെ മകൻ സനൂപ് കൃഷ്ണൻ (24) ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. വിനോദസഞ്ചാരികളെ സിപ്ലൈനിൽ കയറ്റിവിടുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. സഞ്ചാരികളെ കയറ്റുന്ന വേളയിൽ കേബിളിൽ കുരുങ്ങിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഗുരുതരമായി പരിക്കേറ്റ സനൂപിനെ ഉടൻതന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് (സെപ്റ്റംബർ 4) സനൂപ് റാണിപുരത്തെ അഡ്വഞ്ചർ പാർക്കിൽ സിപ്ലൈൻ ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചത്. ജോലിയിൽ പ്രവേശിച്ച് വെറും രണ്ടാം ദിവസമാണ് ഈ ദാരുണാന്ത്യം.

