കുന്നോത്ത്: ക്ലാസ് മുറിയിൽ തളർന്നുവീണ ആറാം ക്ലാസ് വിദ്യാർത്ഥിനിയോട് ക്രൂരമായി പെരുമാറിയ അധ്യാപികയ്ക്കെതിരെ നടപടി.
കണ്ണൂർ ജില്ലയിലെ കുന്നോത്ത് സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ ക്ലാസ് ടീച്ചർ സിസ്റ്റർ ലിന്റോ ജോസിനെയാണ് സംഭവം വിവാദമായതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.
ഈ മാസം എട്ടാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. സോഡിയം കുറഞ്ഞതിനെ തുടർന്ന് മുൻപും ബോധരഹിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള വിദ്യാർത്ഥിനിയാണ് ക്ലാസ് മുറിയിൽ വീണ്ടും തളർന്നുവീണത്.

വിവരം അറിയിക്കാനെത്തിയ സഹപാഠികളോട് “തലകറങ്ങി വീണ കുട്ടി തന്നെ വന്ന് പറയട്ടെ” എന്നായിരുന്നു അധ്യാപികയുടെ മറുപടി.
തുടർന്ന് ക്ലാസ് മുറിയിലെത്തിയ അധ്യാപിക, മറ്റ് കുട്ടികളുടെ മുന്നിൽ വച്ച് നിലത്തുകിടന്ന വിദ്യാർത്ഥിനിയെ ചവിട്ടുകയും “ചത്തിട്ടില്ലല്ലോ” എന്ന് ചോദിച്ച് അധിക്ഷേപിക്കുകയും ചെയ്തതായി രക്ഷിതാക്കൾ പരാതിപ്പെട്ടു.
രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപികയെ സ്കൂളിൽ നിന്ന് പിരിച്ചുവിട്ടതായി പ്രധാന അധ്യാപകൻ ബിജു കെ.ജെ അറിയിച്ചു.

