കോഴിക്കോട്: വടകര എംഡിഎംഎ ലഹരിമരുന്ന് കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ വടകര എൻഡിപിഎസ് കോടതി തള്ളി. കേസിലെ മൂന്നാം പ്രതിയും ബിആർസി അധ്യാപികയുമായ കാവ്യ, നാലാം പ്രതി ആവള സ്വദേശി നീഷ്മ, അഞ്ചാം പ്രതി ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി നിരസിച്ചത്.
അതേസമയം, കേസിലെ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യവ്യവസ്ഥകൾ പൂർത്തിയാക്കി സെപ്റ്റംബർ എട്ടിന് കീർത്തന ജയിൽ മോചിതയായി.
കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിപുലമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. ആറുമാസത്തിനിടെ അഞ്ചാം പ്രതിയായ ജിജിൽ കുര്യാക്കോസിന്റെ ബാങ്ക് അക്കൗണ്ടിലൂടെ ഒരു കോടിയിലേറെ രൂപയുടെ വിനിമയം നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
കേസിലെ മുഖ്യപ്രതിയായ ഷിന്റോ നിലവിൽ ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

