ചെറുപുഴ ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ കൊലപാതകം: പ്രതി അറസ്റ്റിൽ

14 September 2026
ചെറുപുഴ ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ കൊലപാതകം: പ്രതി അറസ്റ്റിൽ

ചെറുപുഴ: പുളിങ്ങോത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ കിടന്നുറങ്ങുകയായിരുന്ന വയോധികനെ തലയിൽ വെട്ടുകല്ലിട്ടു കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പുളിങ്ങോം വിളക്കുവട്ടത്തെ കൂലേരി ചന്ദ്രനെയാണ് (48) ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇടവരമ്പ് പൂമല സ്വദേശി മ്ലാക്കുഴി ജോസഫ് (ജോസ്‌കുട്ടി – 68) ആണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച പുലർച്ചെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് ജോസ്‌കുട്ടിയുടെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. സ്ഥിരമായി ഇവിടെ കിടന്നുറങ്ങാറുള്ള ജോസ്‌കുട്ടിയുടെ തലയിലേക്ക്, പുലർച്ചെ മൂന്നുമണിയോടെ ചന്ദ്രൻ വെട്ടുകല്ല് കൊണ്ടുവന്ന് ഇടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മുൻപുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. 2025 ജൂലൈയിൽ ചന്ദ്രൻ ജോസ്‌കുട്ടിയെ ആക്രമിച്ച് കാലൊടിച്ച കേസിൽ റിമാൻഡിലായിരുന്നു.

പെരിങ്ങോം സി.ഐ കെ. ഷാജു, ചെറുപുഴ എസ്.ഐ ജി. ജിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.