ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ഇനി നാല്‌ കടമ്പകൾ: ഡിസംബർ മുതൽ വരുന്നു പുതിയ ടെസ്റ്റ്

15 September 2026
ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ഇനി നാല്‌ കടമ്പകൾ: ഡിസംബർ മുതൽ വരുന്നു പുതിയ ടെസ്റ്റ്

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് നൽകുന്നതിന് മുൻപായി അപേക്ഷകരുടെ അപകടസാധ്യത തിരിച്ചറിയാനുള്ള (Hazard Perception) കഴിവ് കൂടി പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. ഇതിനായി വീഡിയോ ഗെയിം മാതൃകയിലുള്ള ഓൺലൈൻ ടെസ്റ്റ് ഡിസംബർ മുതൽ നിർബന്ധമാക്കുമെന്ന് ഗതാഗത കമ്മിഷണർ നാഗരാജു ചകിലം. സംസ്ഥാനത്ത് വാഹനാപകടങ്ങൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് പുതിയ പരിഷ്കാരം.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരം പരിശോധന ഏർപ്പെടുത്തുന്നത്. നിലവിലുള്ള കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഇത്തരം ടെസ്റ്റുകൾ നടത്താൻ വ്യവസ്ഥയുണ്ട്. ലേണേഴ്സ് ലൈസൻസ് ലഭിക്കുന്നവർ 30 ദിവസത്തിനുള്ളിൽ ഈ പുതിയ പരീക്ഷ പാസാകേണ്ടതുണ്ട്. ഇതിനായി ഡ്രൈവിങ് സ്‌കൂളുകളിൽ പ്രത്യേക പരിശീലനം നൽകണം.

ഒരു മിനിറ്റ് ദൈർഘ്യമുള്ള 10 വീഡിയോകളാണ് പരീക്ഷയിലുണ്ടാകുക. ഡ്രൈവിങ്ങിനിടെ റോഡിൽ ഉണ്ടായേക്കാവുന്ന വിവിധ അപകടസാധ്യതകളാണ് വീഡിയോകളിൽ കാണിക്കുക. ഓരോ വീഡിയോയിലും കുറഞ്ഞത് രണ്ട് അപകടസാധ്യതകൾ വീതമുണ്ടാകും. അപകടസാധ്യത സമയബന്ധിതമായി തിരിച്ചറിഞ്ഞ് സ്ക്രീനിലെ ബട്ടൺ അമർത്തണം. വൈകിയാൽ മാർക്ക് നഷ്ടമാകും. ഒരു ശരിയുത്തരത്തിന് 10 മാർക്ക് വീതം ലഭിക്കും. ആകെ 100 മാർക്കിൽ 60 മാർക്ക് നേടുന്നവർ പരീക്ഷയിൽ വിജയിക്കും.