കോടികളുടെ കുടിശ്ശിക: എ.ഐ ക്യാമറകളുടെ പ്രവർത്തനം കെൽട്രോൺ നിർത്തിവെച്ചു

17 September 2026
കോടികളുടെ കുടിശ്ശിക: എ.ഐ ക്യാമറകളുടെ പ്രവർത്തനം കെൽട്രോൺ നിർത്തിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച നിർമ്മിത ബുദ്ധി (AI) ക്യാമറകളുടെ പ്രവർത്തനം കെൽട്രോൺ താൽക്കാലികമായി നിർത്തിവെച്ചു. സർക്കാരിൽ നിന്ന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക വൈകുന്നതാണ് പദ്ധതിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്.

പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഏകദേശം 60 കോടിയോളം രൂപയാണ് സർക്കാരിൽ നിന്നും കെൽട്രോണിന് ലഭിക്കാനുള്ളത്. മാസങ്ങളായി ഗഡുക്കൾ മുടങ്ങിയതോടെ വിവിധ കൺട്രോൾ റൂമുകളിലേക്കുള്ള ഇന്റർനെറ്റ് സേവനദാതാക്കൾ കണക്ഷനുകൾ വിച്ഛേദിച്ചു. കൂടാതെ, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജീവനക്കാർക്ക് ശമ്പളം നൽകാൻ സാധിക്കാതെ വരികയും പദ്ധതിക്കായി നിയമിച്ചിരുന്ന നിരവധി കരാർ ജീവനക്കാരെ കെൽട്രോൺ പിരിച്ചുവിടുകയും ചെയ്തു.

ക്യാമറ ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിലേക്ക് എത്താതായതോടെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനും പിഴച്ചലാന് അയക്കാനുമുള്ള നടപടികൾ പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. കുടിശ്ശിക തുക സർക്കാർ അടിയന്തരമായി അനുവദിച്ചാൽ മാത്രമേ സേവനങ്ങൾ പുനഃസ്ഥാപിക്കാൻ സാധിക്കൂ എന്ന് കെൽട്രോൺ വ്യക്തമാക്കി.