തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾക്ക് അവരുടെ ഇഷ്ടാനുസരണം തലമുടി വളർത്തുന്നതിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. മുടിയുടെ നീളത്തിന്റെ പേരിൽ ആൺകുട്ടികളെയും ട്രാൻസ്ജെൻഡർ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ, ക്ലാസ്സിൽ നിന്ന് മാറ്റിനിർത്താനോ, മറ്റ് തരത്തിലുള്ള വിവേചനപരമായ ശിക്ഷാനടപടികൾക്ക് വിധേയമാക്കാനോ പാടില്ലെന്ന് കമ്മീഷൻ അംഗം പി. ഷാജേഷ് ഭാസ്കർ വ്യക്തമാക്കി.
ബാഹ്യരൂപത്തേക്കാൾ ഉപരി വിദ്യാർഥികളുടെ പഠനപുരോഗതിക്കും വ്യക്തിത്വവികാസത്തിനുമാണ് വിദ്യാലയങ്ങൾ മുൻഗണന നൽകേണ്ടതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
മുഖമോ കണ്ണുകളോ മറയാത്ത രീതിയിൽ മുടി വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കാൻ കുട്ടികൾക്ക് ബാധ്യതയുണ്ട്. ലബോറട്ടറി പ്രവർത്തനങ്ങൾ, പ്രാക്ടിക്കൽ ക്ലാസുകൾ, കായിക മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷ മുൻനിർത്തി മുടി കെട്ടിവെക്കുകയോ ഹെയർ ബാൻഡ് ഉപയോഗിച്ച് ഒതുക്കുകയോ ചെയ്യണം. ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിലുള്ള കെമിക്കൽ വസ്തുക്കളോ കളറുകളോ മുടിയിൽ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ലിംഗനിർണയം നടത്തിയിട്ടില്ലാത്ത കുട്ടികൾക്ക് അവരുടെ താല്പര്യപ്രകാരം മുടി പരിപാലിക്കാനും ഡ്രസ്സ് കോഡ് തിരഞ്ഞെടുക്കാനും പൂർണ്ണ അവകാശമുണ്ടായിരിക്കും.
വിഷയത്തിൽ നിലവിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പോ സി.ബി.എസ്.ഇ.യോ വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ആയതിനാൽ അടിയന്തരമായി പുതിയ മാർഗരേഖ തയ്യാറാക്കണമെന്നും, അതിനായി ആൺകുട്ടികളെയും ലിംഗനിർണയം നടത്താത്ത കുട്ടികളെയും ഉൾപ്പെടുത്തിയുള്ള സമിതി രൂപീകരിച്ച് അവരുടെ ഭാഗം കൂടി കേൾക്കണമെന്നും ബാലാവകാശ കമ്മീഷൻ നിർദേശിച്ചു.

