പയ്യന്നൂർ: തന്ത്രപ്രധാന സൈനിക കേന്ദ്രമായ ഏഴിമല നാവിക അക്കാദമിയിൽ മതിയായ രേഖകളില്ലാതെ കരാറടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്ന ബംഗ്ലാദേശ് പൗരൻ പിടിയിലായി. അനിൽ സോറന്റെ മകൻ ബിപ്ലോബ് സോറൻ (32) ആണ് നാവികസേനാ അധികൃതരുടെ പിടിയിലായത്. ബംഗ്ലാദേശ് പൗരത്വം മറച്ചുവെച്ചാണ് ഇയാൾ ഇവിടെ ജോലി നേടിയിരുന്നത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാവികസേനാ അധികൃതർ ബിപ്ലോബിനെ കൃത്യമായി നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച ഉദ്യോഗസ്ഥർ ഇയാളെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും വിശദമായ തെളിവെടുപ്പ് നടത്തുകയും ചെയ്തു. ചോദ്യം ചെയ്യലിൽ വ്യാജ വിവരങ്ങളാണ് നൽകിയതെന്നും ബംഗ്ലാദേശ് പൗരനാണെന്നും വ്യക്തമായതോടെ പ്രതിയെ പയ്യന്നൂർ പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ പയ്യന്നൂർ പോലീസ് വെള്ളിയാഴ്ച രാത്രി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

