തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളെക്കൂടി ഉൾപ്പെടുത്തിയതോടെ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം എട്ടായി.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നിവയാണ് മറ്റ് ജില്ലകൾ. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പെട്ട് സംസ്ഥാനത്ത് ഒമ്പത് പേർ മരണപ്പെട്ടു.
മലപ്പുറം പൂക്കോട്ടുംപാടം കോട്ടപ്പുഴ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ അഞ്ച് പേരാണ് മരിച്ചത്. ഇവിടെനിന്ന് തിങ്കളാഴ്ച രാവിലെ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി.
കാണാതായ പ്രദേശവാസിയായ സ്ത്രീക്കായി തെരച്ചിൽ ഊർജിതമായി നടക്കുന്നുണ്ട്. സംഭവസമയത്ത് നിരവധി സന്ദർശകർ സ്ഥലത്തുണ്ടായിരുന്നെങ്കിലും, പുഴയിൽ വെള്ളം ഉയരുന്നത് കണ്ട് വനംവകുപ്പും നാട്ടുകാരും സമയബന്ധിതമായി മുന്നറിയിപ്പ് നൽകിയതിനാൽ വലിയൊരു ദുരന്തം ഒഴിവാക്കാനായി.

